ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലത്ത് പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറി, ക്രഷർ എന്നിവക്ക് അധികാരികള്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എരമംഗലം ജനകീയ സംരക്ഷണ സമിതി നേതൃത്വത്തില്‍ നാളെ കലക്ട്രേറ്റിലേക്ക് ജനകീയ മാർച്ച് നടത്തും. വർഷങ്ങളായുള്ള കരിങ്കല്‍ ഖനനം മൂലം പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കയാണ്. ബാലുശ്ശേരി പഞ്ചായത്തിലെ 13, 14 വാർഡുകളിലായി സ്ഥിതിചെയ്യുന്ന കരിയാണി മല- ഒരക്കുനി മല കേന്ദ്രീകരിച്ചും ചുള്ളിയുള്ളമല- കോമത്തുചാല്‍ കേന്ദ്രീകരിച്ചും നടക്കുന്ന വൻതോതിലുള്ള ഖനന പ്രവർത്തനങ്ങള്‍ കാരണം ഒരു ഗ്രാമം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്.
ഏതു സമയവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് പ്രദേശം. കരിയാണി മല- ഒരക്കുനി മല പ്രദേശത്ത് 2019, 2021, 2022 വർഷങ്ങളില്‍ മഴക്കാലത്ത് മലയിടിച്ചിലുണ്ടായതിനെ തുടർന്നു നാട്ടുകാർ പ്രസ്‌തുത വിഷയം റവന്യൂ അധികാരികളെ രേഖാമൂലം അറിയിച്ചു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാൻ റവന്യൂ വകുപ്പ് തയാറായിട്ടില്ല. കഴിഞ്ഞ വർഷം രണ്ടുതവണ കരിയാണിമല - ഒരക്കുനി ഖനന മേഖലയില്‍ മലയിടിച്ചിലുണ്ടായി. ഖനനത്തിനായുള്ള ഉഗ്രസ്ഫോടനങ്ങള്‍ കാരണം ഒരു കിലോമീറ്റർ അകലെ എരമംഗലം പൂത്തൂർകാവിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. രാത്രിയിലും മറ്റുമായി ക്രഷറില്‍നിന്നും മലിന ജലം തോടുകളിലൂടെ ഒഴുക്കി വിടുന്നതുമൂലം തോടിനിരുവശവുമുള്ള കിണറുകളിലെ വെള്ളവും മലിനപ്പെടുന്നുണ്ട്.
നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. തൊട്ടടുത്ത ചെകിടൻ മല പ്രദേശത്തും ഒരു സ്വകാര്യ കമ്പനി പാരിസ്ഥിതികാനുമതി സമ്പാദിച്ച് കരിങ്കല്‍ ഖനനം ആരംഭിച്ചിട്ടുണ്ട്. ഖനനപ്രദേശത്തിന് അടുത്തായി താമസിക്കുന്ന കീഴ്കാട്ടുപാറ കമലയുടെ വീടിനുമുകളില്‍ ക്വാറിയിലെ പാറക്കല്ല് തെറിച്ച് വീണ് തകരുകയുണ്ടായി. ആളില്ലാതിരുന്നതിനാല്‍ അപകടം ഉണ്ടായില്ല. കടലാടുകണ്ടി അഷറഫിന്റെ കിണർ ഇടിഞ്ഞുതാണതും ക്വാറിയില്‍ നിന്നുള്ള പ്രകമ്പനം കൊണ്ടായിരുന്നു. കോമത്ത് അബുവിന്റെ കിണറിലേക്ക് ക്വാറിയിലെ മണ്ണ് ഒലിച്ചിറങ്ങി വെള്ളം മലിനമായി.
കരിയാണി മലയുടെ മുക്കാല്‍ ഭാഗവും ഖനനം മൂലം നഷ്ടമായിട്ടുണ്ട്. ഇവിടെ ഖനനാനുമതി ലഭിച്ച 331 മെട്രിക് ടണ്ണിനു പകരം പതിന്മടങ്ങ് ഖനനം ചെയ്‌ത് കൊണ്ടുപോകുകയാണ്. ചെകിടൻ മലയുടെ ചരിവില്‍ അനുമതി ലഭിച്ച കോക്കല്ലൂർ ഗ്രാനൈറ്റ് കമ്പനി അനുമതി ലഭിച്ച 10 മെട്രിക് ടണ്ണിനു പകരം 200 മെട്രിക് ടണ്ണോളം ഖനനം ചെയ്‌ത് കൊണ്ടുപോകുന്നുണ്ട്. 14ാം വർഡില്‍ ചെകിടൻ മല കോളനിക്കു മുകളിലായും ഖനനത്തിന് ശ്രമം നടക്കുകയാണ്. ഇവിടുത്തെ കോളനികളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഖനനം തുടങ്ങിയാല്‍ കോളനിവാസികള്‍ക്കും ഭീഷണിയാകും.
ക്വാറികളില്‍ നിന്ന് കല്ലുമായി ദിനം പ്രതി കൂറ്റൻ ലോറികളാണ് പ്രദേശത്തെ റോഡുകളിലൂടെ കടന്നുപോകുന്നത് ഇതു കാരണം റോഡും തകർന്ന നിലയിലാണ്. എരമംഗലത്തേക്ക് സർവിസ് നടത്തിയിരുന്ന അഞ്ചോളം ബസുകള്‍ റോഡ് തകർന്നതിനാല്‍ സർവിസ് നിർത്തിയിരിക്കയാണ്. ക്വാറി മാഫിയകളുടെ കടന്നുകയറ്റത്തില്‍ നിന്നും നാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ കലക്ടറേറ്റിലേക്ക് നടത്തുന്ന ജനകീയ മാർച്ച് ഗ്രീൻ മൂവ്മെന്റ് ജില്ല ചെയർമാൻ ശബരി മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്യുമെന്നു ജനകീയ സംരക്ഷണസമിതി ഭാരവാഹികളായ എ.കെ. അബ്ദുസ്സമദ്, വാർഡ് അംഗം ഉമ മഠത്തില്‍, കെ.വി. നാരായണൻ നായർ, ഇ.റീജ എന്നിവർ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
Tags:
LOCAL NEWS