Trending

എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; പ്രതി പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വെച്ചാണ് തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് (28) പിടിയിലായത്. പൊലീസിനെ കബിളിപ്പിക്കാന്‍ ഇയാൾ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്. പാലക്കാട്ടു നിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാര്‍ഗം ബംഗളൂരുവിലെത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെ നിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. 

നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്ന പ്രതി വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട് കര്‍ണാടകയില്‍ നിന്നെടുത്ത സിംകാര്‍ഡാണ് ഉപയോഗിച്ചത്. അതില്‍ നിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങള്‍ മനസ്സിലായത്. സൈബര്‍സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പോലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. 

ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടു നിന്ന് ട്രെയിനില്‍ ബംഗളരുവിലേക്ക് പോവുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതു മുതല്‍ പോലീസ് സനൂഫിനു പിന്നാലെയുണ്ട്. ഒളിവില്‍ പോകാനും സിംകാര്‍ഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റാന്വേഷണ വിദഗ്ദ്ധരായ പൊലീസുകാരെ ഉള്‍പ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സൈബര്‍ വിദഗ്ദ്ധരും സനൂഫിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. സിറ്റി പോലീസ് അസി. കമ്മീഷണര്‍ ടി.കെ.അഷ്റഫിന്റെ കീഴില്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്.

മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീല (33)യെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. കൊലപ്പെടുത്തിയശേഷം സനൂഫ് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

സനൂഫും മരിച്ച ഫസീലയും തമ്മിൽ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരെ ഫസീല പീഡനക്കേസ് നൽകുകയും 89 ദിവസത്തോളം ഇയാൾ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം വീണ്ടും ഇരുവരും സൗഹൃദം തുടർന്നു. ഞായറാഴ്ചയാണ് ഇരുവരും കോഴിക്കോടെത്തി മുറിയെടുത്തത്. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരൻ എത്തിയപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീണ്ടുമെത്തി മുറി തുറന്നപ്പോഴാണ് ഫസീലയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post