കൊച്ചി: ഇന്നലെ കുണ്ടന്നൂരില്‍ നിന്നും പിടികൂടിയവർ കുറുവ സംഘാംഗങ്ങളെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതികളിൽ നിന്നും പൊലീസിന് ലഭിച്ചത് നിർണ്ണായക വിവരങ്ങൾ. മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇവരാണെന്ന വിവരങ്ങൾ പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചു. അതേസമയം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിടിയിലായവരുടെ കുടുംബം. കുണ്ടന്നൂരിൽ നിന്നും പിടിയിലായവരുടെ കുടുംബങ്ങളാണ് പിഞ്ചു കുഞ്ഞുങ്ങളുമായി സ്റ്റേഷന് മുന്നിലെത്തിയത്.
സന്തോഷ് സെൽവനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം വാദിക്കുന്നത്. മോഷണം നടന്നുവെന്ന് പറയുന്ന സമയം ഇരുവരും തങ്ങൾക്ക് ഒപ്പമായിരുന്നുവെന്നും പൊലീസ് പറയുന്നത് പോലെ ഇരുവരും ആലപ്പുഴയിൽ പോയിട്ടില്ലെന്നും കുടുംബം പറയുന്നു. ‘തമിഴ്നാട് തേനി സ്വദേശികളാണ്. കേരളത്തിൽ കുപ്പി പാട്ട വിറ്റാണ് ജീവിക്കുന്നത്. പൊലീസ് പിടിച്ച ഉടനെ ഉപദ്രവിക്കുകയായിന്നതിനാലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. നേരത്തെ തമിഴ്നാട് ജയിലിലായിരുന്നു. ഇറങ്ങിയിട്ട് മൂന്ന് മാസമായി. കല്യാണം കഴിച്ച ശേഷം തെറ്റ് ചെയ്തിട്ടില്ല. കുപ്പി വിൽക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്'. പൊലീസ് അകാരണമായി പിടിച്ചു കൊണ്ട് പോയതാണെന്നും കുടുംബം പറയുന്നു.
ഇന്നലെ രാത്രി അതിസാഹസികമായാണ് സന്തോഷിനെ പൊലിസ് പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന സ്ത്രീകളും. ഇവര്‍ അക്രമാസക്തരായി പോലിസ് ജീപ്പ് വളഞ്ഞതോടെയാണ് സന്തോഷ് ജീപ്പില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസും അഗ്‌നിരക്ഷാസേനയും കായലും കരയും അരിച്ചുപെറുക്കി നടത്തിയ നാലര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
പാലത്തിനു താഴെ കായലിനോടു ചേര്‍ന്നുള്ള ഭാഗത്തു തമ്പടിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളുടെ സംഘത്തെ പരിശോധിക്കുന്നതിനിടെയാണു സന്തോഷിനെ കണ്ടെത്തിയത്. താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ചുരുണ്ടുകൂടി കിടന്ന ശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ടെന്റില്‍ അനേകം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നയാളെയും പോലിസ് പിടികൂടി വിലങ്ങു വെക്കുകയായിരുന്നു.