കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്തേക്ക് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും മകൻ നിസാൽ (10) ആണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെയാണ് അപകടം.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതു മാറ്റുന്നതിനിടയിൽ ദിശതെറ്റി കുട്ടി നിൽക്കുന്നിടത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാൽ.