നരിക്കുനി: മടവൂർ മേഖലയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്നു. മടവൂർ, ചക്കാലക്കൽ, ആരാമ്പ്രം ഭാഗങ്ങളിലാണ് രോഗം കൂടുതലായും പടരുന്നത്. അടുത്തിടെ മാത്രം 110ഓളം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. നരിക്കുനി സി എച്ച് സി 1 പരിധിയിൽ ഇതിനകം ഒൻപത് പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ചക്കാലക്കൽ ഭാഗത്ത് രണ്ടുപേർ മരണമടയുകയും ചെയ്‌തു.
രോഗം വ്യാപകമായതോടെ നരിക്കുനി കമ്മ്യൂണിറ്റി ഹെത്ത് സെന്റർ, മടവൂർ മുട്ടാഞ്ചേരി കുടുംബാരോഗ്യകേന്ദ്രം എന്നിവക്ക് കീഴിൽ ആരോഗ്യ വകുപ്പ് രോഗപ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് 85 കിണറുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയതിൽ നിരവധി കിണറുകളിലെ വെള്ളത്തിൽ അനുവദനീയ നിരക്കിനെക്കാൾ പത്തിരട്ടിയോളം ബാക്‌ടീരിയാ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വീടുകൾ വർധിച്ചപ്പോൾ കിണറുകളും സെപ്റ്റിക് ടാങ്കുകളും തമ്മിലുള്ള നിർദിഷ്ട ദൂര പരിധി പാലിക്കപ്പെടാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മടവൂർ പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, കൂൾ ബാർ, മറ്റ് ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന ആരംഭിച്ചു. പൊതു സ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
കിണറുകൾ ക്ലോറിനേഷൻ നടത്തുകയും പൊതുജന ബോധവത്കരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കിണറുകളിൽ രണ്ടാഴ്ച കൂടുമ്പോൾ ക്ലോറിനേഷൻ നടത്തണമെന്നും, 20 മിനിട്ട് സമയം തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും മടവൂർ ഹെൽത്ത് ഇൻസ്പെക്ടർ സജി അറിയിച്ചു.
Tags:
HEALTH