എളേറ്റിൽ: എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന "ഐസ് - മി" ഐസ് നിർമ്മാണ യൂണിറ്റിൽ പാക്കിങ്ങിനെടുക്കുന്ന ഐസുകൾ രുചിച്ചു നോക്കി പാക്കിങ്ങ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നടപടി ഭയന്ന് രാത്രിയിൽ കാറിൽ സാധനങ്ങളുമായി സ്ഥലം വിടാൻ ശ്രമിച്ചയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏല്പിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികൾക്ക് വേണ്ടി ഐസ് വാങ്ങാൻ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് സംഭവം വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. ഈ വീഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട ഐസ് യൂണിറ്റ് ഉടമ രാത്രിയിൽ തന്നെ സാധനങ്ങളുമായി രായ്ക്കുരാമാനം സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കാറ് തടഞ്ഞു വെച്ചു കൊടുവള്ളി പോലീസിൽ അറിയിച്ചു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി കാറിൽ കയറ്റിയ സാധങ്ങളെല്ലാം തിരികെ കടക്കുള്ളിൽ വെപ്പിക്കുകയും, കാർ കസ്റ്റഡിയിൽ എടുക്കുകയും, കട സീൽ ചെയ്യുകയും ചെയ്തു.
തുടർ നടപടികൾക്കായി പോലീസ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ വീഡിയോയിൽ കണ്ട പ്രവർത്തി നാട്ടുകാരിൽ ഞെട്ടലുളവാക്കി. സ്ഥാപനത്തിനെതിരെ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.