അത്തോളി: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദ് (33) ആണ് അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം നടന്നത്.
അത്താണി കൊങ്ങന്നൂർ ജംഗ്ഷനിലുള്ള മത്സ്യക്കടയിൽ മഷൂദ് മുൻപ് ജോലി ചെയ്തിരുന്നു. മത്സ്യക്കടയ്ക്ക് സമീപമുള്ള പർദ്ദ ഷോപ്പിലെ ജീവനക്കാരിയായ വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ നിരസിച്ചു. തുടർന്ന് വീട്ടമ്മ കടയിൽ നിന്ന് മടങ്ങി വരുന്ന വഴി വീടിന് സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് ഗുരുതരമായി മുറിവേറ്റ വീട്ടമ്മയെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടമ്മയുടെ ഭർത്താവ് പ്രവാസിയാണ്.13 ഉം 7ഉം വയസുള്ള രണ്ട് മക്കളുമുണ്ട്.
വീട്ടമ്മയുടെ പരാതിയിൽ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി അത്തോളി പൊലീസ് അറിയിച്ചു.