കൊടുവള്ളി: ഓമശ്ശേരിയിൽ മാരക ലഹരി മരുന്നായ എംഡി.എംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ (32) നെയാണ് ഇന്ന് വൈകിട്ട് ഓമശ്ശേരിയിലുള്ള റോയൽ ഡ്വല്ലിങ്ങ് ടൂറിസ്റ്റ് ഹോമിൽ നിന്നും 63 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ യുവാവ്.
മൂന്നുവർഷത്തോളമായി ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ ജില്ലയിലെ മൊത്ത വിതരണക്കാർക്ക് എത്തിക്കുന്നത് ജയ്സലാണ്. ലഹരി മരുന്നിന് അടിമയായ ഇയാൾ ആദ്യമായിട്ടാണ് പോലീസിന്റെ പിടിയിലാവുന്നത്. വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. ആഡംബര വാഹനങ്ങൾ മാറി മാറി വാടകക്കെടുത്ത് ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചാണിയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മുൻ ഭാര്യയെ കഴിഞ്ഞ വർഷം അരക്കിലോ എംഡിഎഎയുമായി നിലമ്പൂർ എക്സൈസ് പിടികൂടിയിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് റൂറൽ എസ്പി. പി നിധിൻ രാജ് ഐപിഎസിന്റെ കീഴിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.