തിരുവനന്തപുരം: സംസ്ഥാനത്ത് ആർസി ബുക്കും ലൈസൻസും ഡിജിറ്റലാകുന്നു. അച്ചടിച്ച ആർസി ബുക്കും ലൈസൻസും കയ്യിൽ കൊണ്ടുനടക്കുന്നത് ഇതോടെ ഒഴിവാകും. പകരം ഡിജിലോക്കറിലോ, ഡൗൺലോഡ് ചെയ്തോ സൂക്ഷിച്ചാൽ മതി. ഡ്രൈവിംഗ് പരീക്ഷ പാസാകുന്ന ദിവസം തന്നെ മൊബൈലില്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഇവ തയ്യാറാക്കുന്നത്. ആധുനിക കാലത്ത് എല്ലാം ഡിജിറ്റൽ രേഖകളായി സൂക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം.
ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ആദ്യഘട്ടമെന്ന നിലയിൽ ലൈസൻസുകൾ ഡിജിറ്റലാക്കും. രണ്ടാം ഘട്ടത്തിൽ ആർസി ബുക്കും. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അച്ചടി തടസപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനായി ധനവകുപ്പിന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
അപേക്ഷകന്റെ ചിത്രവും ക്യൂആര്‍ കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. പോലീസ് പരിശോധനയില്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്‍ രേഖകളുടെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെടില്ല. ഡിജിറ്റലാകുന്നതോടെ ലൈസന്‍സിന്റെ ഒറിജിനല്‍ പതിപ്പ് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഒഴിവാക്കാനും പദ്ധതിയുണ്ട്. ഇതോടെ അച്ചടിക്കും തപാല്‍ ചെലവുകള്‍ക്കുമുള്ള 100 രൂപ കുറച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ വാങ്ങുന്നത്.