നരിക്കുനി: 2010-ൽ ചെമ്പക്കുന്നിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ നരിക്കുനി ഫയർ സ്റ്റേഷന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമില്ല. സ്ഥലം ലഭിച്ചാൽ ഉടൻ കെട്ടിടം നിർമ്മിക്കുമെന്നായിരുന്നു അന്ന് അധികൃതരുടെ വാഗ്ദാനം. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ കൽക്കുടുമ്പിൽ18 സെന്‍റ് സ്ഥലം കണ്ടെത്തി. പഞ്ചായത്തിന്റെ ഫണ്ട് വൈകിയപ്പോൾ സ്ഥലം നഷ്ടമാകാതിരിക്കാൻ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം കണ്ടെത്തി സ്ഥലം വാങ്ങി സർക്കാറിന് കൈമാറിയെങ്കിലും ഫയർ സ്റ്റേഷൻ ഇന്നും പഴയ വാടക കെട്ടിടത്തിൽ തന്നെയാണ്.
ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയില്ല. കെട്ടിട നിർമ്മാണത്തിനായി സമർപ്പിച്ച പദ്ധതി ഭരണാനുമതി ലഭിക്കാതെ കിടക്കുകയാണ്. 14 പഞ്ചായത്തുകൾ പരിധി നിശ്ചയിച്ചു തുടങ്ങിയ ഫയർ സ്റ്റേഷൻ ഇന്ന് ഏറെ ശോച്യാവസ്ഥയിലാണുള്ളത്. ജീവനക്കാർ വിശ്രമിക്കുന്നത് മഴ പെയ്താൽ ചോരുന്ന കെട്ടിടത്തിലാണ്. കൂടാതെ, ശുദ്ധജല ക്ഷാമവുമുണ്ട്. ടാർപോളിൻ വലിച്ചുകെട്ടിയ കെട്ടിടത്തിന്റെ ചുമരിൽ ചാരിയാൽ ഷോക്കേൽക്കുന്ന സ്ഥിതിയാണ്.
സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ, രണ്ട് സീനിയർ ഫയർ ഓഫിസർ, അഞ്ച് ഫയർ ഡ്രൈവർമാർ, 15 സിവിൽ ഫയർ ഓഫിസർമാർ, ഒമ്പത് ഹോം ഗാർഡുകൾ എന്നിവർ ഉൾപ്പെടെ 34 ജീവനക്കാരാണ് ഇവിടെയുള്ളത്. കൂടാതെ, 74 ഓളം വളന്‍റിയർമാരും ഫയർ സ്റ്റേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് സുരക്ഷാ ഭീതിയോടെ കഴിയുന്നത്. നാടിന്‍റെ രക്ഷകർക്ക് സ്വന്തമായി ഒരു കെട്ടിടം എന്നുവരുമെന്ന ചോദ്യമാണ് ഉയരുന്നത്.
Tags:
LOCAL NEWS