എളേറ്റിൽ: പട്ടാപ്പകൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടർ കവർച്ച ചെയ്ത് രണ്ട് അംഗ സംഘം. എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകരയില്‍ താമസിക്കുന്ന നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ടുപേര്‍ ചേര്‍ന്ന് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ടുപേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന രണ്ട് പേരുടെയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
സ്‌കൂട്ടര്‍ മോഷണം പോയെന്ന് കാണിച്ച് നിസ്താര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി സിസിടിവി പരിശോധിച്ചതോടെയാണ് പ്രതികള്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.