Trending

VarthaLink

വൈകാരികത ചൂഷണം ചെയ്ത് അർജുൻ്റെ പേരിൽ ഫണ്ട് പിരിക്കുന്നു; ലോറിയുടമ മനാഫിനെതിരെ കുടുംബം


കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ചിലർ കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ. അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം പ്രതികരിച്ചു. അർജുന് 75,000 രൂപ ശമ്പളമില്ല. യൂട്യൂബ് ചാനലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്നും കമൻ്റുകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. സർക്കാർ അർജുൻ്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.

അർജുന്റെ പേരിൽ ലോറിയുടമ മനാഫ് ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. ഫണ്ട് പിരിവിൻ്റെ ആവശ്യമില്ലെന്നും ജീവിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പൊള്ളയായ കാര്യങ്ങളാണ് നടക്കുന്നതെന്നും കുടുംബം. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു. 

മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനലിലൂടെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങളോട് പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നെന്നും മനാഫ് വഴിത്തിരിച്ച് വിടാൻ ശ്രമിക്കുന്നെന്ന് എസ്പി പറഞ്ഞിരുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. അതേസമയം ആരോപണങ്ങളെല്ലാം ലോറിയുടമ മനാഫ് നിഷേധിച്ചു. ഫണ്ട് പിരിച്ചില്ലെന്നും കുടുംബം അങ്ങനെ പറയാനുള്ള കാരണം തനിക്കറിയില്ലെന്നും തെറ്റിദ്ധാരണയാവാമെന്നും മനാഫ് പ്രതികരിച്ചു.

Post a Comment

Previous Post Next Post