നരിക്കുനി: നരിക്കുനിയിലെ സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. എളേറ്റിൽ കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പണം ട്രാൻസ്ഫർ ചെയ്യാനായി യുവാവിൻ്റെ കയ്യിൽ മണ്ണാർക്കാട് സ്വദേശിനിയായ യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകൾ കണ്ടെത്തിയത്. നരിക്കുനി ടൗണിൽ ഐക്യു മൊബൈൽ ഹബ് എന്ന കടയിൽ പണം ട്രാൻസ്ഫർ ചെയ്യാൻ യുവാവ് പണം നൽകി സ്ഥലം വിട്ട ശേഷം നോട്ട് വ്യാജമാണെന്ന് കടക്കാരൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് കൊടുവള്ളി പോലീസിൽ കടയുടമ മുഹമ്മദ് റയീസ് പരാതി നൽകി.