പേരാമ്പ്ര: ബാങ്കിൻ്റെ ജപ്തി നടപടിയെ തുടർന്ന് പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി. പേരാമ്പ്ര കൂത്താളി പൈതോത്ത് കോയോടൻ കണ്ടി ബാബുവിൻ്റെ ഭാര്യ കവിത (42) യാണ് മരിച്ചത്. ബാങ്ക് വായ്പയിൽ ഇവർക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് കവിതയും ഭർത്താവ് ബാബുവും ചേർന്ന് വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഇന്നത്തേക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. 50 ലക്ഷത്തോളം രൂപ വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നു.
ബാങ്കിനെ സമീപിച്ച് സാവകാശം തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച കവിതയുടെ ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.