നരിക്കുനി: ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകൾ ആഴങ്ങളിൽ മറയുമായിരുന്നു. വിധിക്ക് വിട്ടുകൊടുക്കാതെ മരണത്തിന്റെ വക്കിൽനിന്ന് പെൺകുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് രണ്ട് യുവാക്കളുടെ അസാമാന്യ ധൈര്യവും മനഃസാന്നിധ്യവുമാണ്. നരിക്കുനി പാലങ്ങാട് വലിയ കുളത്തിൽ മുങ്ങിത്താഴ്ന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ കരക്കെത്തിച്ച് ജിഷ്ണുവും, മുനീറും ഇന്നൊരു നാടിന്റെ മുഴുവൻ അഭിമാനവും സ്നേഹവും ഏറ്റുവാങ്ങുകയാണ്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം കുളത്തിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെയാണ് വിദ്യാർത്ഥിനി കാൽവഴുതി വെള്ളത്തിലേക്ക് വീണത്. കൺമുന്നിൽ കൂട്ടുകാരി മുങ്ങിത്താഴുന്നത് കണ്ട് ഭയന്നുപോയ കൂടെയുള്ള പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ജിഷ്ണുവും മുനീറും മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരും ചേർന്ന് പെൺകുട്ടിയെ കരക്കെത്തിച്ചു. വിദ്യാർത്ഥിനിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അപകടനില തരണം ചെയ്തെന്നും, സുഖം പ്രാപിച്ചു വരുന്നെന്നുമുള്ള വാർത്ത നാടിന് വലിയ ആശ്വാസമായി.
പലതവണ അപകടങ്ങൾ പതിയിരുന്ന ഈ കുളത്തിൽ മുൻ കാലങ്ങളിൽ വിലപ്പെട്ട പല ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. അത്തരമൊരു ദുരന്തം വീണ്ടും ആവർത്തിക്കാതെ കാത്തത് ജിഷ്ണുവിന്റെയും, മുനീറിന്റെയും സമയോചിതമായ ഇടപെടലാണ്. ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയ ജിഷ്ണുവിനെയും, മുനീറിനെയും നാട് ആദരിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെംബർ അപർണയുടെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ് നടത്തിയത്.