Trending

ഓമശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ.


കൊടുവള്ളി: ഓമശ്ശേരിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. ഓമശ്ശേരി ഓങ്ങലോറമ്മൽ വീട്ടിൽ മുഹമ്മദ് ഷരീഫ് എന്ന കേരകൻ ഷരീഫ് (38), ഓമശ്ശേരി ചെക്കനംകണ്ടി വീട്ടിൽ ഫസലു എന്ന സി.കെ സമീർ (38) എന്നിവരെയാണ് കൊടുവള്ളി പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. 41.61 ഗ്രാം എംഡിഎംഎയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ച 1,77,000 രൂപയും, ഡിജിറ്റൽ ത്രാസും, പാക്കിങ്ങിനുള്ള കവറുകളുമാണ് പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തത്.

ഇന്ന് പുലർച്ചെ ഷരീഫിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷത്തോളമായി പ്രതികൾ ലഹരി കച്ചവടം നടത്തിവരുന്നു. വീട് കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ജില്ലയിൽ തന്നെയുള്ള മൊത്ത വിതരണക്കാരിൽ നിന്നും എംഡിഎംഎ വാങ്ങിയാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്. നാട്ടുകാർ നിരവധി പരാതികൾ നൽകിയതിനെ തുടർന്ന് ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇരുവരും ആദ്യമായാണ് പിടിയിലാവുന്നത്.

കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് ഐപിഎസിന്റെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി, കെ.എ ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊടുവള്ളി എസ്ഐ കെ. ശ്രീദു, എഎസ്ഐ കെ.കെ സന്തോഷ് കുമാർ, സീനിയർ സിപിഒമാരായ സി.പി പ്രവീൺ, പി.പ്രസൂൺ, സിപിഒമാരായ എം.ശ്രീനിഷ്, കെ.നിഖിൽ, എം.കെ ബിജിന, ഡാൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post