Trending

പാലക്കാട് പരുതൂരിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്; സഹപാഠി കസ്റ്റഡിയിൽ.


പാലക്കാട്: പാലക്കാട് പരുതൂർ സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തോക്ക് കൊണ്ടുവന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ തുളഞ്ഞുകയറിയ വെടിയുണ്ട നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെ രണ്ടാം പിരീഡിലാണ് സംഭവം. സഹപാഠിയെ കാണിക്കുന്നതിനായി വിദ്യാർത്ഥി സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിദ്യാർത്ഥിയുടെ മുത്തച്ഛൻ കാലങ്ങളായി ഉപയോഗിച്ചിരുന്ന തോക്കാണിതെന്നാണ് പറയപ്പെടുന്നത്. ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ യാതൊരുവിധ തർക്കങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ലെന്നും തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നുമാണ് അധ്യാപകർ നൽകുന്ന വിവരം.

തോക്കിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വെടി പൊട്ടിയതായി വിവരമുണ്ട്. ആദ്യ വെടിയുണ്ട ക്ലാസ് മുറിയിലെ നിലത്താണ് കൊണ്ടത്. രണ്ടാമത്തെ വെടിയുണ്ട വിദ്യാർത്ഥിയുടെ ശരീരത്തിന് തൊട്ടരികിലൂടെ കടന്നുപോയി. മൂന്നാമത്തെ തവണ പൊട്ടിയ വെടിയുണ്ടയാണ് വിദ്യാർത്ഥിയുടെ ശരീരത്തിൽ തുളഞ്ഞുകയറിയത്. വലിയ ശബ്ദം കേട്ട് അധ്യാപകർ ഉടൻതന്നെ ക്ലാസ് മുറിയിലേക്ക് ഓടിയെത്തുകയും തോക്ക് കൈവശപ്പെടുത്തുകയും ചെയ്തു. ധാരാളം രക്തം നഷ്ടപ്പെട്ട വിദ്യാർത്ഥിയെ അധ്യാപകരാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്.

തോക്ക് സ്കൂളിൽ കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്താണെന്നും മുൻപും കുട്ടി സ്കൂളിലേക്ക് തോക്ക് കൊണ്ടുവന്നിട്ടുണ്ടോ എന്നുമടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അധ്യയന വർഷമാണ് തോക്ക് കൊണ്ടുവന്ന വിദ്യാർത്ഥി സ്കൂളിൽ ചേർന്നത്. സംഭവത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post