കുന്ദമംഗലം: ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചെത്ത് കടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. വെള്ളിമാടുകുന്ന് സ്വദേശിയായ മറ്റൊരു കുട്ടിയുടെ കൂടെ ചെത്തുകടവ് മുല്ലശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ചെറുപുഴയിലെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
കുട്ടികളുടെ നിലവിളി കേട്ട് തൊട്ടടുത്ത താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ ഓടിയെത്തിയാണ് ഒരു കുട്ടിയെ പുഴയിൽ നിന്നും രക്ഷപ്പെടുത്തിയത്. സനു സിയാസിനെ ഇവർക്ക് രക്ഷിക്കാനായില്ല. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു സിയാസിനെ പുഴയിൽ നിന്നും കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.