ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎയാണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലുമുള്ള അമിത ലാഭം നിയന്ത്രിച്ച് കാൻസർ ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തി. എന്നാൽ എല്ലാ മരുന്നുകൾക്കും 70 ശതമാനം വിലക്കുറവ് ലഭിച്ചോളണമെന്നില്ല. നിലവിലെ വിലയും വിതരണ ശൃംഖലയിലെ ലാഭവിഹിതവും അനുസരിച്ചായിരിക്കും യഥാർത്ഥ വിലക്കുറവ്.
വിവിധ കാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടും. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഡെനോസുമാബ്, ന്യൂട്രോപീനിയ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്. കോളൻ, അണ്ഡാശയം, ഗർഭാശയമുഖം എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ബെവാസിസുമാബ്, പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ മരുന്നുകൾക്കും വിലനിയന്ത്രണം ബാധകമാണ്. ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കൊപ്പം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയിൽ വരും. പേറ്റന്റുള്ളതും പേറ്റന്റില്ലാത്തതുമായ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
പുതുക്കിയ വില ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴു ദിവസത്തിനകം എൻപിപിഎയെ അറിയിക്കാൻ മരുന്നു നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ വിലവിവരങ്ങൾ കമ്പനികളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ആശുപത്രികൾക്കും ഫാർമസികൾക്കും കൈമാറുകയും വേണം. നവംബർ 9 മുതൽ പുതുക്കിയ വിലയിലായിരിക്കണം മരുന്നുകൾ വിൽക്കേണ്ടത്. ആശുപത്രികളും ഫാർമസികളും പുതിയ വിലവിവരപ്പട്ടികകൾ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മരുന്നുകളുടെ പുതുക്കിയ വില അറിയാൻ എൻപിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റും 'ഫാർമ സഹി ദാം' (Pharma Sahi Daam) ആപ്പും ഉപയോഗിക്കാം. മരുന്നുകളുടെ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ തുടരണമെന്നും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാൻസർ മരുന്നുകളുടെ വിതരണവിലയും രോഗികളിൽനിന്ന് ഈടാക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് സുപ്രീംകോടതി നേരത്തേ ആശങ്ക അറിയിച്ചിരുന്നു. ചില മരുന്നുകളിൽ ഈ വ്യത്യാസം പത്തിരട്ടി വരെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രേഡ് മാർജിൻ റാഷണലൈസേഷൻ പദ്ധതിയുടെ പരിധി വിപുലീകരിക്കാനുള്ള തീരുമാനം. 2019ൽ നടപ്പാക്കിയ ആദ്യഘട്ടത്തിൽ 42 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. തുടർന്ന് 526 ബ്രാൻഡുകളിലുള്ള കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പനവിലയിൽ 90 ശതമാനം വരെ കുറവുണ്ടായതായി സർക്കാർ അറിയിച്ചു. പുതിയ നടപടിയിലൂടെ കൂടുതൽ മരുന്നുകൾ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിലകുറയുന്ന മരുന്നുകൾ.
Abemaciclib
Abiraterone acetate
Acalabrutinib
Afatinib
Alectinib
Alpelisib
Amivantamab
Anastrazole
Apalutamide
Asciminib
Atezolizumab
Avelumab
Axitinib
Azacitidine
Belantamab Mafodotin
Bevacizumab
Bosutinib
Brentuximab Vedotin
Brigatinib
Busulfan
Cabazitaxel
Cabozantinib (S)-Maleate
Capmatinib
Carfilzomib
Carmustine
Ceritinib
Cetuximab
Cladribine
Clofarabine
Crizotinib
Cytarabine
Dabrafenib
Dacomitinib
Daratumumab
Darolutamide
Dasatinib
Datopotamab Deruxtecan
Decitabine
Degarelix
Denosumab
Dostarlimab
Durvalumab
Elranatamab
Enfortumab vedotin
Entrectinib
Enzalutamide
Epirubicin
Erdafitinib
Eribulin mesylate
Erlotinib
Estramustine
Everolimus
Exemestane
Fludarabine
Fulvestrant
Gilteritinib
Goserelin acetate
Ibritumomab
Ibrutinib
Idelalisib
Ifosfamide & Mensa
Nivolumab and Relatlimab
Pegylated Liposomal Irinotecan
Inotuzumab Ozogamicin
Interferon Alpha 2B
Ipilimumab
Ivosidenib
Lapatinib
Lazertinib
Lenvatinib
Lomustine
Lorlatinib
Lymphoseek kit
Megestrol
Midostaurin
Mirvetuximab soravtansine
Mitomycin
Mitoxantrone
Nelarabine
Netupitant
Nilotinib
Nimotuzumab
Nintedanib
Niraparib
Nivolumab
Obinutuzumab
Ofatumumab
Olaparib
Osimertinib
Palbociclib
Panitumumab (Vectibix)
Pazopanib (as Hydrochloride)
Pegasparginase
Pegfilgrastim
Pegylated interferon Alpha 2B
Pembrolizumab
Pemetrexed
Pertuzumab
Pertuzumab + Trastuzumab
Plerixafor
Polatuzumab Vedotin
Pomalidomide
Ramucirumab
Regorafenib
Relugolix
Ribociclib
Rucaparib
Ruxolitinib
Selpercatinib
Selumetinib
Serplulimab
Sotorasib
Sunitinib
Talquetamab
Teclistamab
Tegafur + Uracil
Tegafur, Gimeracil and Oteracil
Temsirolimus
Tepotinib
Thiotepa
Tislelizumab
Tocilizumab
Topotecan
Toripalimab
Trabectedin
Trametinib
Tremelimumab
Treosulfan
Trifluridine + Tipiracil
Triptorelin
Tucatinib
Vemurafenib
Venetoclax
Vinorelbine tartrate
Vorasidenib
Zanubrutinib
Zolbetuximab