Trending

മികച്ച അധ്യാപകനുള്ള പുരസ്‌കാരം പൂനൂർ ഗവ. എച്ച്എസ്എസ് അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്.


പൂനൂർ: പൊതുവിദ്യഭ്യാസ രംഗത്തെ മികച്ച സേവനത്തിനും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും നൽകുന്ന സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന് ലഭിച്ചു. വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ശംസുദ്ധീൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ 20 വർഷമായി പൂനൂർ ഗവ. എച്ച്എസ്എസിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ജീവശാസ്ത്രത്തോടൊപ്പം ഐടി മേഖലയിലും മികവ് തെളിയിച്ച അധ്യാപകനാണ്. എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു വർഷത്തെ സേവനത്തിന് ശേഷമാണ് പൂനൂരിൽ എത്തിയത്.

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ‘ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി’യുടെ കോഡിനേറ്ററായി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന അദ്ദേഹം, പഠന ക്ലാസുകൾ, സ്ഥാപന സന്ദർശനങ്ങൾ, വിജ്ഞാന യാത്രകൾ തുടങ്ങിയ നിരവധി സംസ്ഥാനതല ശ്രദ്ധേയ പരിപാടികൾക്ക് നേതൃത്വം നൽകി. നിർധനരായ വിദ്യാർത്ഥികൾക്കായി എൻഎംഎംഎസ് (NMMS) സ്കോളർഷിപ്പ് ട്രെയിനിംഗ്, സ്കൂളിലെ തനത് പദ്ധതിയായ 'ഗിഫ്റ്റ്' എന്നിവയിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് തുണയായി. സ്കൂളിന്റെ പിആർഒ ആയി 20 വർഷമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സ്കൂളിന്റെ വളർച്ചയിൽ നിർണ്ണായകമായി. 18 ഡിവിഷനുകൾ മാത്രമുണ്ടായിരുന്ന സ്ഥാപനം ഇന്ന് 33 ഡിവിഷനുകളുള്ള വലിയ സ്കൂളായി മാറിയതിന് പിന്നിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

എസ്ഇആർടി പാഠപുസ്തക രചയിതാവ്, സംസ്ഥാന-ജില്ലാ റിസോഴ്‌സ് പേഴ്‌സൺ, ശാസ്ത്ര-കൃഷി ലേഖകൻ എന്നീ നിലകളിലും പ്രശസ്തനാണ്. വിവിധ ആനുകാലികങ്ങളിലായി 200-ഓളം ശാസ്ത്ര ലേഖനങ്ങളും 100-ലധികം കാർഷിക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് 'ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ' പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം പന്നിക്കോട്ടൂർ ഗവ. എൽപി സ്കൂൾ പിടിഎ പ്രസിഡന്റായും എസ്എംസി ചെയർമാനായും 12 വർഷം പ്രവർത്തിച്ച് ആ വിദ്യാലയത്തെയും മികച്ച നിലയിലേക്ക് ഉയർത്തി. പന്നിക്കോട്ടൂർ കുണ്ടത്തിൽ മരക്കാർ ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സജ്ന മംഗലത്ത് (അധ്യാപിക ഗവ. മാപ്പിള യുപിഎസ് എളേറ്റിൽ). മക്കൾ: ഫാത്തിമ നൗറിൻ, സ്വാബിർ അലി.

Post a Comment

Previous Post Next Post