ഇടുക്കി: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്‌ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കനത്ത മഴയിൽ തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഇവിടുത്തെ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അപകടത്തിൽ ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തേ തന്നെ പ്രദേശത്ത് മഴ മുന്നറിയിപ്പുണ്ടായിരുന്നു. യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇടുക്കിയിൽ ശക്തമായ മഴ ഇപ്പോഴും പെയ്യുന്നുണ്ട്. അതേസമയം, ഇടുക്കിയലും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. അതിനാൽ ഈ ജില്ലകളിൽ മൂന്നു മണിക്കൂർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.