നടുവണ്ണൂര്‍: നടുവണ്ണൂർ മന്ദങ്കാവില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മന്ദങ്കാവ് വലിയപറമ്പില്‍ ബൈജുവാണ് (47) എക്‌സൈസിൻ്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെ നടുവണ്ണൂര്‍ മുത്താമ്പി റോഡില്‍ വീടിന് സമീപത്തു നിന്നുമാണ് യുവാവിനെ പിടികൂടിയത്. ഇയാളിൽ നിന്നും 5.547 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു.
ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എന്‍.കെയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സംഘത്തെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ ഷിജു.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് മയങ്ങിയില്‍, വിഷ്ണു ടി.കെ, ഷൈനി പി.എം, ദിനേശ് തുടങ്ങിയവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. എംഡിഎംഎ വാങ്ങി ഉപയോഗിക്കാന്‍ മാത്രം മാസത്തില്‍ 35,000 ത്തോളം രൂപ ചെലവാക്കുന്നുണ്ടെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു.