പേരാമ്പ്ര: പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഭാസ്കരനെ വിവരമറിഞ്ഞെത്തിയ പേരാമ്പ്ര ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി പുറത്തെടുത്തു. തുടർന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.