ചാമരാജനഗർ: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു. പാലക്കാട് പാലോട് പട്ടിശ്ശേരി നബീലിന്റെ ഭാര്യ ലിസ്ന (28) ആണ് മരിച്ചത്. ബന്ധുക്കളുമായ പാറക്കല്ലിൽ കരീം ഹാജിയുടെ മകൻ സബീദ്, സബീദിന്റെ ഭാര്യ, ഇവരുടെ ഒരു മകൻ, നബീലിന്റെ രണ്ടു മക്കൾ, മരിച്ച നബീലിന്റെ ഭാര്യ ലിസ്ന എന്നിവർ അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് പാലോട് നിന്നും മൈസൂരിലേക്ക് വിനോദയാത്ര പോയത്.
ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർന്ന് മൃതദേഹം ഗുണ്ടൽപേട്ട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.