താമരശ്ശേരി: സ്പായിൽ കയറി ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത പോലീസുകാരനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.മുഹമ്മദ് ഫാസിലിന് എതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. അവധിയിലായിരിക്കെ തന്റെ സ്റ്റേഷൻ പരിധിയിലല്ലാത്ത സ്‍ഥലത്തെ സ്‌പായിൽ പരിശോധനയ്ക്കെന്ന് പറഞ്ഞ് കയറി പണം കൈപ്പറ്റുകയും സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയുമായിരുന്നു. കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫാണ് സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ അടിവാരത്തെ സ്പായിൽ ആഗസ്റ്റ് 14ന് വൈകുന്നേരമായിരുന്നു മഫ്തിയിൽ സിവിൽ പോലീസ് ഓഫീസറായ ഫാസിലിൻ്റെ സന്ദർശനം. നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വന്നതാണെന്ന് അറിയിച്ച സിപിഒ മേലധികാരിക്ക് നൽകാനെന്ന് പറഞ്ഞ് തുക ആവശ്യപ്പെട്ടെന്നും തുടർന്ന് മേശവലിപ്പിലുണ്ടായിരുന്ന തുക ജീവനക്കാർ പോലീസുകാരനെ ഏൽപ്പിച്ചെന്നുമായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. സ്ത്രീ ജീവനക്കാരെക്കൊണ്ട് സൗജന്യ മസാജും ചെയ്യിപ്പിച്ച ശേഷമാണ് സ്ഥാപനത്തിൽ നിന്ന് മടങ്ങിയതെന്നും കണ്ടെത്തി.