Trending

വയനാട്ടിൽ ബസ്സിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ.


സു.ബത്തേരി: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ. താമരശ്ശേരി രാരോത്ത് അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ (23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരം മുത്തങ്ങ ചെക്ക്പോസ്റ്റിൽ കർണാടക ആർടിസി ബസ്സിലാണ് പോലീസ് പരിശോധന നടത്തിയത്. പോലീസിനെ കണ്ട് പരിഭ്രാന്തി കാണിച്ച ഷാബീർ ഷാനെ സംശയം തോന്നി ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കൂൾലിപ് പാക്കറ്റിനുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 7.35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.വി അജീഷ്, എഎസ്ഐ പി.കെ സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സിജോ ജോസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും മറ്റും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post