ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പുതിയ ഫീസ് ഘടന ഏര്‍പ്പെടുത്തി ഉത്തരവ്. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ എംഡിആർ (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഫീസ് ഈടാക്കാനാണ് തീരുമാനം. എന്നാല്‍ 2000ത്തിന് താഴെയുള്ള പെയ്‌മെന്റുകള്‍ക്ക് ഈ തുക ബാധകമല്ല. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക്, ഒരു ഇടപാടില്‍ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക.
ഒക്‌ടോബര്‍ 15 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. റെയില്‍വേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. ഇതും വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. പുതിയ ഉത്തരവുപ്രകാരം വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാര്‍ക്ക് തികച്ചും സൗജന്യമായി തുടര്‍ന്നും യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാം.