താമരശ്ശേരി: കനത്ത മഴയിൽ താമരശ്ശേരിയിലും കട്ടിപ്പാറയിലും വീടുകളുടെ സംരക്ഷണ ഭിത്തി തകുന്നുവീണു. താമരശ്ശേരി കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ആശാരിക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വീടിൻ്റെയും, കട്ടിപ്പാറ ചമലിൽ പൂവൻമല ചീനത്താംപൊയിൽ കുമാരന്റെ വീടിന്റെയും സംരക്ഷണ ഭിത്തിയാണ് തകർന്ന് വീണത്. ഇന്ന് തുടർച്ചയായി പെയ്ത മഴയിലാണ് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
ഇരു വീടുകൾക്കും അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിലിനും വീടിന് കൂടുതൽ നാശനഷ്ടമുണ്ടാകാനുമുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിൻ്റ ഭാഗമായി ഇരു പ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.