Trending

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിൻ്റെ അടുക്കള പൂർണമായും കത്തിനശിച്ചു.


കാസർകോട്: കാസർകോട് തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകത്തിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വീടിൻ്റെ ഉൾഭാഗം കത്തിനശിച്ചു. വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ബീരിച്ചേരി കൂലേരിയിലെ കെ.പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. 

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീപടർന്നു പിടിച്ച് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച ഉടനെ വീടിന് തീപിടിച്ചു. ഈ സമയം വീട്ടിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. കുട്ടിയെ എടുത്തു എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. 

വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. വാഹനമെത്താൻ സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തനം വൈകാനിടയായി. തീപിടിത്തത്തിൽ രണ്ടുനില വീടിന്റെ അടുക്കള പൂർണ്ണമായും കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. ഫയർഫോഴ്സ് രണ്ടുമണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്.

Post a Comment

Previous Post Next Post