നാദാപുരം: നാദാപുരം മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ടുനില വീട് തകർന്നുവീണു. വാണിമേൽ വില്ലേജിലെ മാമ്പിലാക്കൂൽ ആണ് സംഭവം. മാമ്പിലാക്കൂൽ സ്വദേശി തയ്യുള്ളതിൽ കുഞ്ഞബ്ദുള്ളയുടെ മകൻ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്.
ഇന്ന് പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന്റെ വശങ്ങളിലെ ചുമരുകളും മുകളിലത്തെ നിലയിലെ കോൺക്രീറ്റ് വാർപ്പിന്റെ ഒരു ഭാഗവും താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുപറമ്പിലോ നിർമ്മാണ സ്ഥലത്തോ തൊഴിലാളികളോ മറ്റോ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീട് തകർന്ന് വീണ് നിർമ്മാണ സാമഗ്രികൾ അടക്കം ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്.