കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി കായക്കൊടി സ്വദേശിയായ വിനു പ്രസാദ് (27) നെയാണ് ഇന്ന് രാവിലെയാണ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു.
ഭാര്യയ്ക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു വിനു. ഇന്നലെ രാത്രിയിൽ വിശ്രമിക്കാനായി മെഡിക്കൽ കോളേജ് പരിസരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിലേക്ക് പോയതായിരുന്നു. രാവിലെയായിട്ടും വിനുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
മരണകാരണം നിലവിൽ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണത്തിലെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.