കക്കോടി: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടിപ്പാലം വളവ് നിവർത്തി നേർരേഖയിലുള്ള റോഡാക്കി എന്നുമാറ്റുമെന്ന് യാത്രക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറയായി. സ്ഥിരം അപകടമേഖലയായി മാറിയ വളവ്, വർഷങ്ങളിത്ര പിന്നിട്ടിട്ടും പഴയ റോഡിന്റെ വീതിക്കുറവ് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ബാലുശ്ശേരി റോഡ് വീതികൂട്ടിയുള്ള വികസനം യാഥാർത്ഥ്യമാവാതെ കിടക്കുന്നതിനാൽ ഈ കൊടുംവളവിന്റെ കാര്യവും എങ്ങുമെത്താതെ കിടക്കുകയാണ്.
അപകടങ്ങളുടെ തുടർക്കഥ മാത്രമാണ് ഈ വളവിലുണ്ടായിട്ടുള്ളത്. അപകടം പതിയിരിക്കുന്ന ഭാഗമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കക്കോടിപ്പാലം-കണ്ണാടിക്കൽ റോഡ് ജങ്‌ഷനിൽ നിന്ന് വാഹനങ്ങൾക്ക് ബാലുശ്ശേരി റോഡിലേക്ക് കയറണമെങ്കിൽ പെടാപ്പാടാണ്. വേണ്ടത്ര സിഗ്നൽ സംവിധാനവും ഇല്ല. സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ അനധികൃത പാർക്കിങ് വൈകുന്നേരങ്ങളിലും മറ്റും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വീതികുറഞ്ഞ പാലത്തിന്റെ ഇരുഭാഗവും അപകടവളവാണ്.
കക്കോടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഭാഗവും കക്കോടിപ്പാലം- കണ്ണാടിക്കൽ റോഡ് ജംഗ്ഷന് സമീപവും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വളവും ചെറിയ ഇറക്കമുള്ളതും എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ കാണാൻ പ്രയാസമുള്ളതുമായ ഭാഗവുമാണ്. പാലത്തിന് വീതിക്കുറവും, കൈവരിക്ക് ഉയരക്കുറവുമുണ്ട്. ബാലുശ്ശേരി റൂട്ടിൽത്തന്നെ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ളത് കക്കോടിപ്പാലം വളവിലാണ്. വ്യത്യസ്ത അപകടങ്ങളിലായി ഒട്ടേറെ ഇരുചക്രവാഹന യാത്രികർക്ക് ജീവൻ നഷ്ടമായിട്ടും ബന്ധപ്പെട്ടവർ ഗൗരവമായ ഇടപെടൽ നടത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.