കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് സമീപം വാടക വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വാടക വീട്ടിലെ താമസക്കാരനായ തിരുനൽവേലി സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. കൊയിലാണ്ടി പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. ഊമദുരൈയും മണികണ്ഠനും അടുത്തിടെയാണ് സുഹൃത്തുക്കളായത്. അരങ്ങാടത്തെ വാടകവീട്ടിൽ കുടുംബസമേതം താമസിക്കുകയാണ് മണികണ്ഠൻ. രണ്ടുദിവസം മുമ്പാണ് ഊമദുരൈ ഇവിടെയെത്തിയത്.
ഇന്നലെ രാത്രിയിൽ മണികണ്ഠനും ഊമദുരൈയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ബന്ധുക്കൾ ആ സമയത്ത് ഉറക്കമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം ബഹളമായതോടെ ബന്ധുക്കൾ ഉണർന്ന് പുറത്തേക്ക് വന്നെങ്കിലും അടിപിടിയായതോടെ അവർ ഭയന്ന് വീടിന് അകത്തേക്ക് തന്നെ പോയി.
പിന്നീട് ബഹളമൊന്നും കേൾക്കാതായി ഏറെസമയം കഴിഞ്ഞാണ് കൊലപാതകവിവരം അറിഞ്ഞത്. എസ്ഐ വിജേഷ്, ഗിരീഷ്, സിപിഒ ബൈജു, ലെസിത്, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.