തിരുവനന്തപുരം: സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് ഓൺലൈൻ ചീട്ടുകളിച്ച പോലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ.കൃഷ്‌ണക്കെതിരെയാണ് പേരൂർക്കട പോലീസ് കേസെടുത്തത്. യൂണിഫോം കമ്മിറ്റി അംഗമാണ് ശംഭു. ഇതിനായി പിരിച്ച ഏഴു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്ത് ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത്.
എസ്എപി ബറ്റാലിയനിലുള്ള കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പോലീസ് റിക്രൂട്ട്മെന്റ് ട്രെയിനികൾ യൂണിഫോം മെറ്റീരിയൽ വാങ്ങാനും സ്റ്റിച്ചിംഗിനുമായി നൽകിയ പണം ശേഖരിച്ച് ഇയാൾ ചീട്ട് കളിച്ചുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എസ്എപി ഡ്രൈകാന്റീൻ, വിൽസൺ അലൈഡ് പോലീസ് യൂണിഫോം സൊസൈറ്റി ഇവിടങ്ങളിൽ പണം അടയ്‌ക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ജൂലായ് മൂന്ന് മുതൽ 13 വരെ ഇയാളുടെ നമ്പരിൽ നിരവധിപേർ പണമടച്ചു. ഈ പണമാണ് ചൂതാട്ടം നടത്തി നഷ്‌ടപ്പെടുത്തിയത്.