Trending

തൃശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ച് അപകടം: 2 പേർ മരിച്ചു, 25 പേർക്ക് പരിക്ക്.

തൃശൂർ: തൃശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു ഒരു വിദ്യാർത്ഥിനി ഉൾപ്പടെ രണ്ടു സ്ത്രീകൾ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ കുന്നംകുളം പറമ്പാടത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട്- തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിൽ എത്തിയ ബസ്സിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യം ഒരു കാറിൽ ഇടിച്ച ബസ് പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ അഞ്ചു വാഹനങ്ങളിൽ തുടർച്ചയായി ഇടിക്കുകയായിരുന്നു. അഞ്ചു വാഹനങ്ങളെയും തകർത്ത ശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മതിൽ കൂടി തകർത്ത് വീട്ടുമുറ്റത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനി റിയ ഫാത്തിമ (18) യാണ് അപകടത്തിൽ മരിച്ചവരിൽ ഒരാൾ. റിയയുടെ ജീവൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ നഷ്ടമായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ കുന്നംകുളത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്കമ്മ (50) മരിച്ച രണ്ടാമത്തെ ആൾ.

ഗുരുതരമായി പരിക്കേറ്റ 10 പേർ മലങ്കര മിഷൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടവിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബസ്സിൻ്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബസ് കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്യുന്നുണ്ട്. ബസ്സിന്റെ ഫിറ്റ്നസ്, ബ്രേക്ക് സംവിധാനം എന്നിവയും പരിശോധിക്കും.

സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ സമയത്ത് ദേശീയപാതയിലുണ്ടായ ഈ അപകടം യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടം എത്രത്തോളം ഭയാനകമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Post a Comment

Previous Post Next Post