കുന്ദമംഗലം: കുന്ദമംഗലം കാരന്തൂരിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്നും 12 കിലോയോളം കഞ്ചാവ് കണ്ടെത്തി. ആറോളം പാക്കറ്റുകളായി രണ്ടു കിലോ വീതം പൊതിഞ്ഞു ചാക്കില്‍കെട്ടി പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ലഹരിമരുന്ന് പോലീസിന്റെ പട്രോളിങ് കണ്ട് ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കഞ്ചാവ് ഒളിപ്പിച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് പറഞ്ഞു.
കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാംരാജ്, അരുണ്‍ പ്രസാദ്, ഹോംഗാര്‍ഡ് മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.