Trending

ആശുപത്രി ജീവനക്കാരിയുടെ സ്വർണാഭരണം പൊട്ടിച്ച കേസിൽ നരിക്കുനി സ്വദേശിയായ യുവാവ് പിടിയിൽ.


മുക്കം: മുക്കത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ സ്വർണാഭരണം പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് പുത്തൻവീട്ടിൽ മണികണ്ഠൻ (25) നെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. 

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോളത്തിന് സമീപം വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മുക്കത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണാഭരണം രണ്ടംഗ സംഘം പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്നുതന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിന് 40 കിലോമീറ്ററോളം ദൂരം ചുറ്റിതിരിഞ്ഞാണ് നരിക്കുനിയിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തി. ഈ ഭാഗങ്ങളിൽ ലഭ്യമായ മുഴുവൻ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പോലീസ് പ്രതികളിലേക്ക് എത്തിയെന്ന സൂചന ലഭിച്ചതോടെ കവർച്ച നടത്തിയ മണികണ്ഠൻ ഉൾപ്പെടെയുള്ള രണ്ടംഗ സംഘം തമിഴ്നാട്ടിലേക്ക് കടന്നു. ഇവരെ പിന്തുടർന്ന് പോലീസും തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇവർ വീണ്ടും കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവന്നു. തുടർന്ന് കോഴിക്കോട് പാവമണി റോഡിൽ വെച്ചാണ് മണികണ്ഠൻ പിടിയിലാകുന്നത്. എന്നാൽ മുഖ്യപ്രതി രക്ഷപ്പെട്ടു. ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പിടിയിലാകുമെന്നാണ് സൂചന.

മുഖ്യപ്രതിയ്ക്ക് കച്ചവടത്തിലുണ്ടായ നഷ്ടം നികത്താനാണ് കാൽനട യാത്രക്കാരിയുടെ സ്വർണാഭരണം കവർന്നെടുത്തതെന്നാണ് പിടിയിലായ മണികണ്ഠൻ പോലീസിനെ അറിയിച്ചത്. സ്വർണാഭരണം വിറ്റു കിട്ടിയ പണത്തിന്റെ ഒരു പങ്ക് മണികണ്ഠന് നൽകാമെന്നാണ് മുഖ്യപ്രതി പറഞ്ഞിരുന്നതെന്നാണ് പിടിയിലായ മണികണ്ഠൻ പോലീസിന് നൽകിയ മൊഴി. 

പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടുന്നതിന് കുന്ദമംഗലം എസ്ഐമാരായ മാത്യു, സാബു, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ അബ്ദുറഹിമാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post