ചണ്ഡീഗഡ്: എംഡിഎംഎയുമായി മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയും സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ അർഷാദ് അലിയാണ് (അജ്ജു-36) പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാമിൽ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ടുമെന്റിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 814 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇതിന് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്.
നോയിഡയിൽ നിന്ന് അഞ്ചു ലക്ഷം രൂപ നൽകിയാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. ഇത് വിറ്റശേഷം ബാക്കിതുക നൽകാമെന്നായിരുന്നു കച്ചവടക്കാരനും അർഷാദും തമ്മിലുണ്ടായിരുന്ന കരാർ. ആദ്യം സ്വന്തം ആവശ്യത്തിന് മാത്രമാണ് ഇയാൾ എംഡിഎംഎ വാങ്ങിയിരുന്നത്. എന്നാൽ കച്ചവടത്തിലൂടെ ലഭിക്കുന്ന വൻ ലാഭത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് വില്പനയിലേക്ക് തിരിഞ്ഞത്. ഇത്തരത്തിൽ മയക്കുമരുന്നു വിറ്റ് വൻതുക ഇയാൾ സമ്പാദിച്ചിട്ടുണ്ടാവാം എന്നാണ് പോലീസ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തേ പൈലറ്റായിരുന്നുവെങ്കിലും ഇപ്പോൾ ഇയാൾക്ക് മറ്റു ജോലികൾ ഒന്നുമില്ല.