കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (81) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.
പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ ദര്‍സ് പഠനം ആരംഭിച്ചു. നാല് വര്‍ഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദര്‍സ് പഠനങ്ങള്‍. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി.
16ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു.
2014 മുതല്‍ സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാന്‍ ആണ്. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച് വരുന്നു.