ഛണ്ഡീഗഡ്: രാജ്യത്തിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചു. ഹരിയാനയിലെ ജിൻഡ് റെയിവേ സ്റ്റേഷനിൽ ‘നമോ ഗ്രീൻ റെയിൽ’ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്തു.
പരിസ്ഥിതി സൗഹൃദമായ ഈ നൂതന സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് വലിയ മുതൽക്കൂട്ടാകും. ജിൻഡ് മുതൽ സോനിപത്ത് വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വെറും 5 രൂപ മുതൽ 25 രൂപ വരെയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. സാധാരണക്കാർക്ക് താങ്ങാനാവുന്ന തുകയാണിത്. 90 കിലോമീറ്റർ ദൂരം ട്രെയിൻ ഏകദേശം രണ്ട് മണിക്കൂറുകൊണ്ട് പിന്നിടും.
പത്ത് കോച്ചുകളുള്ളതാണ് ഈ പാസഞ്ചർ ട്രെയിൻ. വിദേശ രാജ്യങ്ങളിലെ ട്രെയിനുകളെ അപേക്ഷിച്ച് ഇതിന് വലുപ്പം കൂടുതലുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതിക വിദ്യയാണ് ട്രെയിനിന്റെ കരുത്ത്. ഇത് മലിനീകരണം ഉണ്ടാക്കാതെ നീരാവി മാത്രമാണ് പുറത്തുവിടുന്നത്. പരമ്പരാഗത ഇലക്ട്രിക് ലൈനുകൾ ഇതിന് ആവശ്യമില്ല.
ജിൻഡിലെ പ്രത്യേക പ്ലാന്റിൽ നിന്നാണ് ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നത്. ട്രെയിൻ സുഗമമായി ഓടുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ 75 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. ഭാവിയിൽ ഇത്തരം ട്രെയിനുകൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.
ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയർന്നു. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണിത്. നോർത്തേൺ റെയിൽവേയുടെ കീഴിലാണ് ട്രെയിനിന്റെ പരിപാലനവും പ്രവർത്തനവും നടക്കുന്നത്.