കുന്ദമംഗലം: പതിമംഗലത്ത് പതിവ് പട്രോളിങ്ങിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ വീണു. ആമ്പ്രമ്മൽ പാലക്കൽ ഹർഷക് (26) ആണ് കിണറ്റിൽ വീണത്. ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന് 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവിന് കാലിന് പൊട്ടൽ അടക്കം സാരമായി പരുക്കേറ്റിട്ടുണ്ട്. വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാര്യം ചേർന്ന് കിണറ്റിൽ നിന്നും യുവാവിനെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാത്രിയും മറ്റും പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന കർശ്ശനമാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ രാത്രി പതിവായി ചിലർ സംഘം ചേരുന്നുവെന്ന പരാതി ഉയർന്നിരുന്നു. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പരിസരത്തുണ്ടായിരുന്നവർ പോലീസിനെ കണ്ട് ഭയന്നോടിയത് ആണെന്നാണ് നാട്ടുകാർ പറയുന്നത്.