തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലായി ആകെ 2,46,638 പേരാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്. സംവരണ സീറ്റുകൾ ഉൾപ്പെടെ 71,264 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. അലോട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്നു മുതൽ 17ന് വൈകീട്ട് അഞ്ചു വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം.
അലോട്മെന്റ് ലഭിച്ചവർ രക്ഷിതാവിനൊപ്പം സ്കൂളിലെത്തി രേഖകൾ ഹാജരാക്കി നിശ്ചിത ഫീസ് അടച്ചാണ് പ്രവേശനം നേടേണ്ടത്. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്മെന്റ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ ലഭിച്ചവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിക്കുകയാണേൽ ഇവർക്ക് മാറാൻ അവസരമുണ്ടാകും.
ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ പിന്നീടുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് https://hscap.kerala.gov.in/ സന്ദർശിക്കുക.