കോഴിക്കോട്: ചേവായൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ പതിനാറു വയസുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. അയ മെഹ്റ എന്ന പെൺകുട്ടിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയെന്നാണ് രക്ഷിതാക്കൾ പോലിസിൽ നൽകിയ പരാതി.
മെയ് 15ന് രാത്രി 10.30 ഓടെയാണ് സംഭവം. സംഭവത്തെ തുടർന്ന് ചേവായൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടി എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് അറിയിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.
പെൺകുട്ടിക്ക് ഏകദേശം 150 സെന്റിമീറ്റർ ഉയരമുണ്ട്. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ്. മൂക്കിൽ കറുത്ത മറുകുമുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987182, 9497980706, 0495-2371403 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.