പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് ഓൺലൈൻ മാധ്യമപ്രവർത്തകയ്ക്ക് നേരെ കയ്യേറ്റശ്രമവും അസഭ്യവർഷവും ഉണ്ടായതായി പരാതി. മാധ്യമപ്രവർത്തകയായ അശ്വതി കെ.എം ആണ് പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്.
മെയ് 23-ന് രാത്രി 7:50-ഓടെ കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന 'ഏ.സി. ഗ്രൂപ്പ്' ബസിൽ വെച്ചായിരുന്നു സംഭവം. യാത്രക്കാരുടെ മുൻപിൽ വെച്ചാണ് തനിക്ക് നേരെ അതിക്രമമുണ്ടായതെന്ന് അശ്വതി പറയുന്നു. സ്ത്രീകൾ ഇരിക്കുന്ന സീറ്റിനടുത്തേക്ക് വന്ന, ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന 'എസ്സാർ' ബസിലെ കണ്ടക്ടർമാരായ ആഷിക്ക്, നടുവണ്ണൂർ സ്വദേശി ഋഷികേശ് എന്നിവരാണ് തന്നെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതെന്ന് അശ്വതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
ഒരു വർഷം മുൻപ് ഇതേ റൂട്ടിലോടിയ ബസിലെ ഡ്രൈവർമാർ, ഓടിക്കൊണ്ടിരുന്ന വണ്ടി നടുറോഡിൽ നിർത്തി പരസ്പരം സീറ്റ് മാറി ഇരുന്ന സംഭവം അശ്വതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. അന്ന് ജീവനക്കാർ ഫോൺ ബലമായി വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയും, പിന്നീട് തന്നെ ബസിൽ കയറ്റാൻ വിസമ്മതിക്കുകയും ചെയ്തിരുന്നതായി അശ്വതി പറയുന്നു. ദീർഘനാൾക്ക് ശേഷം തന്നെ വീണ്ടും കണ്ടപ്പോഴാണ് പ്രതികൾ പഴയ സംഭവത്തിന്റെ പേരിൽ ആക്രമിക്കാൻ മുതിർന്നതും, "പറ്റുമെങ്കിൽ ഇതും ലൈവ് ഇട്ടോ" എന്ന് പറഞ്ഞ് വെല്ലുവിളിച്ചതെന്നും മാധ്യമപ്രവർത്തക ആരോപിക്കുന്നു.
സംഭവം നടന്ന ദിവസം തന്നെ പേരാമ്പ്ര പോലീസിൽ രേഖാമൂലം പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് മാധ്യമപ്രവർത്തക ആരോപിച്ചു.