Trending

നരിക്കുനി ബസ്‌സ്റ്റാൻഡ് നവീകരണം തുടങ്ങി; മഴപ്പേടിയിൽ കച്ചവടക്കാർ.


നരിക്കുനി: നരിക്കുനി ബസ്‌സ്റ്റാൻഡ് നവീകരണ പ്രവൃത്തി തുടങ്ങി. മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടങ്ങിയ നിർമ്മാണ പ്രവൃത്തിയിൽ ബസ്‌സ്റ്റാൻഡിലെ കച്ചവടക്കാരും ബസ് ജീവനക്കാരും യാത്രക്കാരും ആശങ്കയിലാണ്. പ്രവൃത്തി നീണ്ടുപോയാൽ സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടിവരുമെന്നാണ് അവർ ഭയപ്പെടുന്നത്.

വേനൽമഴയ്ക്കു തന്നെ സ്റ്റാൻഡിൽ ചെറിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കയാണ്. സ്കൂൾ തുറക്കുന്നതോടെ യാത്രാക്ലേശം വർദ്ധിക്കും. മൂന്ന് കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണ പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്. ഇതിനായി കുഴിച്ച കുഴിയിൽ നിന്നും പുറത്തെടുത്തിട്ട മണ്ണ് മഴയിൽ ഒഴുകി സ്റ്റാൻഡ് ചെളിക്കളമാകുന്നുണ്ട്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി. യാത്രക്കാർക്ക് ഇരിപ്പിടം, മേൽക്കൂര നിർമ്മാണം, കവാടം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഭരണാനുമതി വൈകിയതും അതിഥിത്തൊഴിലാളികളുടെ ക്ഷാമവുമാണ് പ്രവൃത്തി വൈകാനിടയാക്കിയതെന്നും കച്ചവടക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ പ്രവൃത്തി നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ലൈല പറഞ്ഞു.

Post a Comment

Previous Post Next Post