പേരാമ്പ്ര: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ സിമന്റുകട്ട ഉപയോഗിച്ച് മുറി കെട്ടിത്തിരിക്കുന്ന പ്രവൃത്തിക്കിടെ ഭാസ്കരൻ അബദ്ധത്തിൽ താഴേയ്ക്ക് വീഴുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെ പേരാമ്പ്ര പൈതോത്ത് റോഡിലെ മിനി ബൈപ്പാസ് ജംങ്ഷനിലായിരുന്നു അപകടം. ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. മാതാവ്: കല്യാണി അമ്മ. ഭാര്യ: നിഷ. മക്കൾ: അക്ഷയ് ഭാസ്കർ, അഞ്ജലി ഭാസ്കർ.