കല്പറ്റ: വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ടു ചെയ്യാൻ എത്തി നവവധു. വയനാട് മേപ്പാടി സ്വദേശിനി അഖില ആന്റണി മൈക്കിൾ ആണ് വിവാഹ വസ്‌ത്രത്തിലെത്തി വോട്ട് ചെയ്‌തത്. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം നമ്പർ ബൂത്തിലായിരുന്നു അഖില വോട്ട് രേഖപ്പെടുത്താനെത്തിയത്.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ മികച്ച പോളിംഗാണ് ഉച്ചപിന്നിടുമ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പോളിംഗ് 51 ശതമാനം കഴിഞ്ഞിരിക്കുകയാണ്. എസ്‌ഐആറിനെ തുടർന്ന് ഇത്തവണ പോളിംഗ് 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ മുതൽ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ പ്രചാരണത്തിനൊടുവിലാണ് ഇന്ന് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.