Trending

അർദ്ധ രാത്രിയിൽ ഗ്യാസ് സിലിണ്ടറുമായി യുവാവ്; നാട്ടുകാരെ കണ്ടപ്പോൾ സിലിണ്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.


ചേളന്നൂർ: പാലത്ത് പ്രദേശത്ത് അർദ്ധ രാത്രിയിൽ ഗ്യാസ് സിലിണ്ടറുമായി സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതനെ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ പാലത്ത് തട്ടാരക്കൽ ഭാഗത്താണ് സംഭവം. തട്ടാരക്കൽ അബൂബക്കറിൻ്റെ വീടിന് സമീപം ബൈക്കിൽ ഗ്യാസ് സിലിണ്ടറുമായി ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. അസമയത്തുള്ള സാന്നിധ്യം കണ്ട് പുറത്തിറങ്ങിയ അബൂബക്കർ ഇയാളെ ചോദ്യം ചെയ്തപ്പോൾ, ‘കുമാരസ്വാമി' ഭാഗത്തേക്കുള്ള വഴി തിരയുകയാണെന്നാണ് യുവാവ് മറുപടി നൽകിയത്.

എന്നാൽ യുവാവിൻ്റെ മറുപടിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ അബൂബക്കർ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു. നാട്ടുകാർ ഒത്തുകൂടുന്നത് കണ്ട് പരിഭ്രാന്തനായ യുവാവ് കൈവശമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ അവിടെത്തന്നെ ഉപേക്ഷിച്ച് ബൈക്കുമായി കടന്നുകളയുകയായിരുന്നു. നാട്ടുകാർ സംഘടിച്ച് ഊട്ടുകുളം ഭാഗം വരെ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് കാക്കൂർ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സിലിണ്ടറിൻ്റെ ഉറവിടം വ്യക്തമല്ല. ഇത് മോഷണമുതലാകാൻ സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്.

പ്രദേശത്ത് ഇതിനുമുമ്പ് സമാനമായ രീതിയിൽ സിലിണ്ടറുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പുലർച്ചെയുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് നാട്ടുകാർ കാണുന്നത്. വീടിന് പുറത്ത് വെക്കുന്ന സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ അറിയിച്ചു. അപരിചിതരായ വ്യക്തികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ ഉടൻ തന്നെ മറ്റുള്ളവരെയോ പോലീസിനെയോ വിവരമറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.

Post a Comment

Previous Post Next Post