നരിക്കുനി: പാചകവാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബയോഗ്യാസ് ഉപയോഗത്തിന് പ്രിയമേറുന്നു. സ്ഥലപരിമിതിയും വിറക് ശേഖരിക്കാൻ കഴിയാത്ത വീടുകളിലുമാണ് നേരത്തേ ഉപയോഗിച്ച് മാറ്റിവെച്ച ബയോഗ്യാസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
നരിക്കുനി കുന്നത്ത് പറമ്പത്ത് പങ്കജവല്ലി നേരത്തെ വീട്ടിൽ ബയോഗ്യാസ് ഉപയോഗിച്ചിരുന്നു. പിന്നീടത് ഉപയോഗിക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഇവിടെ ബയോഗ്യാസ് വീണ്ടും പ്രവർത്തനക്ഷമമാക്കി. എട്ടു വർഷം മുമ്പ് പഞ്ചായത്തിന്റെ സബ്‌സിഡിയിലാണ് ബാബുവിന് ബയോഗ്യാസ് ലഭിച്ചത്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടം ഒഴിവാക്കാം. അവശിഷ്ടം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ‘സ്ലറി’ പച്ചക്കറികൃഷിക്ക് വളമായും ഉപയോഗിക്കാം.
ഇവിടെ ഒരു മാസത്തിനുള്ളിൽ ഒരു ഗ്യാസ് സിലിണ്ടർ കാലിയാവാറുണ്ടായിരുന്നതായി പങ്കജവല്ലി പറഞ്ഞു. രാവിലെ ഒന്നര മണിക്കൂറും വൈകീട്ടും ഉപയോഗിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഒന്നര മാസമാണ് പാചകവാതക ബുക്കിങ്ങിനുള്ള ഇപ്പോഴത്തെ ഇടവേള.