അടിവാരം: താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. കന്യാകുമാരി, ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി ചുരം ഇറങ്ങിവരികയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് യുവാവ് ചാടിയത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. ബത്തേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചുരം നടന്ന് ഇറങ്ങുന്നതിനിടെയാണ് ആബുലൻസിൻ്റെ മുന്നിൽ ചാടിയത്. മരിക്കാൻ വേണ്ടി തന്നെയാണ് ചാടിയതെന്ന് യുവാവ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.